2010 ഒക്‌ടോബർ 30, ശനിയാഴ്‌ച

പണം നല്‍കി വാര്‍ത്ത

 പണം   നല്‍കി  വാര്‍ത്ത' ഒരു വാര്‍ത്തയല്ലതായിട്ടു   കുറച്ചു കാലമായി.അല്ലെങ്കിലും പണം നല്‍കി  ഒരു വാര്‍ത്തയേ അല്ല .വാര്‍ത്തയുടെ രൂപഭാവത്തില്‍ വേഷം മാറി ,സൂത്രത്തില്‍ ,വായനക്കാരെ വഴിതെറ്റിക്കാനോ  ,ചിലതിനെയെല്ലാം തമസ്‌കരിക്കാനോ  പ്രത്യക്ഷപ്പെടുന്ന പരസ്യമാണ് ''പണം നല്‍കി വാര്‍ത്ത '' .സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ആദര്‍ശ  പ്രതിബദ്ധതയുള്ള  പത്രപ്രവര്ത്തനത്തിന്റെ  കാലം പിന്നിട്ടു കഴിഞ്ഞു .ഇന്നിപ്പോള്‍ , സകലതും വില്‍പനയ്ക്കു വെച്ചിരിക്കുന്ന ഈ പുതുയുഗത്തില്‍ കച്ച്ച്ചവടവല്‍ക്കരണം മാധ്യമങ്ങളെയും ബാധിച്ചു .
    അമേരിക്കയിലും യുറോപ്യന്‍  രാജ്യങ്ങളിലും പത്രങ്ങളുടെ നിലനില്‍പ്പ്‌ ഭീഷണിയിലാവുകയും പലരും രംഗം   വിട്ടൊഴിയുകയും  ചെയുന്ന അവസ്ഥയാനുള്ളത്.പക്ഷേ ഇന്ത്യയില്‍  വിശേഷിച്ചും പ്രാദേശിക പത്രങ്ങള്‍  ഇപ്പോഴും വളര്‍ച്ചയുടെ പാതയില്‍ തന്നെയാണുള്ളത്.    70,000 ത്തിനടുത്ത് പത്രമാധ്യമങ്ങളും  450തിലധികം ടി വി  ചാനലുകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന്   കണക്കുകള്‍ സുചിപ്പിക്കുന്നു .ജന്പക്ഷത്താണ് മാധ്യമങ്ങളുടെ സ്ഥാനം.പക്ഷേ , അധികാരത്തിന്റെയും അതുവഴി വന്നുചേരുന്ന പണത്തിന്റെയും പക്ഷമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് പഥ്യം.   പണാധിപത്യ്ത്തിന്റെ   ഈ ദുഷിച്ച രീതി അച്ചടി മാധ്യമങ്ങളെയും ഇലക്ട്രോണിക് മാധ്യമ ങ്ങളെയും ഒരു പോലെ ബാധിച്ചിട്ടുണ്ട്. 'മാധ്യമപ്രവര്ത്തകര്‍ക്ക്  കവറുകള്‍ കൈമാറുന്ന രീതി ഏഷ്യന്‍ മാധ്യമങ്ങളില്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നുവെന്നും പക്ഷേ, ഇപ്പോഴത്‌   സ്ഥാപന വല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെന്നും ഗുവാഹത്തിയില്‍  നിന്നുള്ള മാധ്യമ പ്രവര്‍ത്തകനായ നവ താക്കുരിയ 'ഇന്ത്യന്‍ മാധ്യമങ്ങളിലെ കാന്‍സര്‍ ബാധ' എന്ന ലേഖനത്തില്‍ ചുണ്ടിക്കാട്ടുന്നു.   ഈയടുത്ത കാലത്തായി  'പണം വാങ്ങി വാര്‍ത്തകള്‍.' ഇന്ത്യന്‍ മാധ്യമങ്ങളെ   ബാധിച്ചിട്ടുള്ള  ഒരു പകര്‍ച്ച വ്യാധിയായി  തന്നെ മാറിയിട്ടുണ്ട് എന്നാണു പുതിയ വെളിപ്പെടുത്തലുകള്‍ സുചിപ്പിക്കുന്നത്. .'പൈഡ് ന്യൂസ്‌', 'പ്രൈവറ്റ്  ട്രീറ്റി ജേര്‍ണലിസം' തുടങ്ങിയ   പേരുകളില്‍ ഇതറിയപ്പെടുന്നു.

  തങ്ങള്‍ക്കനുകൂലമായ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ  പണം  നല്‍കുന്ന ത് രാഷ്ട്രീയ പാര്‍ട്ടികളും  കോര്‍പറേറ്റ് സ്ഥാപനങ്ങളുമാണ്.'ദി ഹിന്ദു 'വിലെ റൂറല്‍    അഫയേഴ്സ് എഡിറ്റര്‍  പി. സായിനാഥ്  പറയുന്നു, ''പത്രപ്രവര്‍ത്തകര്‍ വെറും സ്റ്റെനോഗ്രാഫര്‍മാരായി  മാറി. കോടതി ഗുമസ്തന്‍ വാദിയും പ്രതിയും പറയുന്നത് രേഖപ്പെടുത്തും. എന്നാല്‍ പത്രപ്രവര്‍ത്തക ഗുമസ്തന്‍ അധികാരം ഉള്ളവര്‍ പറയുന്നതുമാത്രമാണ് രേഖ പ്പെടുത്തുക''.  ഇലക്ഷന്‍ പ്രചാരണ സമയത്ത്  രാഷ്ട്രീയക്കാര്‍ ഈ വിധം  വാര്‍ത്തകള്‍ പണം കൊടുത്തു നിര്‍മിക്കുന്നത് ഏതെ ല്ലാം രീതിയില്‍    തെരഞ്ഞെടുപ്പ്  പ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്ന് പറയേണ്ടതില്ല . അനുകൂല വാര്‍ത്തകള്‍ മാത്രമല്ല എതിര്‍ സ്ഥാനാര്‍ഥിക്ക് പ്രതികൂലമാവുന്ന രീതിയിലുള്ള  വ്യക്തി ഹത്യകളും ഈ രൂപത്തില്‍ പുറത്ത് വരുന്നു.പണമുള്ളവര്‍ മാത്രം അധികാര സ്ഥാനങ്ങളില്‍ പ്രവേശിക്കുകയും മറ്റുള്ളവര്‍   പുറന്തള്ളപ്പെടുകയും ചെയ്യുന്നു.ക്രിമിനലുകള്‍ സ്വസ്ഥം വാഴുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത് സംഭവിക്കുന്നതില്‍    അദ്ഭുതപ്പെടാനുമില്ല!


മറ്റേതൊരു മേഖലയിലുമെന്നപോല്‍  മാധ്യമങ്ങളിലെ അഴിമതിയും രാഷ്ട്ര പുരോഗതിക്കു   തടസ്സമാണ്. പക്ഷേ, ജനാധിപത്യ രാജ്യത്തെ മാധ്യമങ്ങള്‍ വാണിജ്യവല്‍കരിക്കപ്പെടുന്നത് അതീവ ഗുരുതരമായ പ്രശ്നമാണ് .ഒരു മതേതര രാഷ്ട്രത്തില്‍ കടുത്ത വിഭാഗീയതകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഏതെല്ലാം വിധത്തില്‍ ആഘാതമേല്പിക്കുന്നുവെന്നു നമുക്കറിയാം.ജനാധിപത്യത്തില്‍ പണാധിപത്യത്തിലൂടെയാണ്  കാര്യങ്ങള്‍    നിര്‍വഹിക്കപ്പെടുന്നതെങ്കില്‍ , ദുഷിച്ച പ്രവണത നീണ്ടുനിന്നാല്‍ ജനാധിപത്യത്തിന്റെ     അസ്ഥിവാരത്ത്തിനു തന്നെ തുരങ്കം വെക്കുമെന്നതില്‍ ഒരു സന്ദേഹവുമില്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ മാധ്യമങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത് വളരെ ഭാരിച്ച ഉത്തരവാദിത്തമാണ്. ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന നെടുംതൂണുകളിലൊന്നാണ്  മാധ്യമ  പ്രവര്‍ത്തനം.വസ്തുനിഷ് വും  സ്വതന്ത്രവുമായ പ്രവര്ത്തനത്തിലൂടെയാണ് മാധ്യമങ്ങള്‍ ഈ ചുമതല നിര്‍വഹിക്കുന്നത് .ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഭരണകൂടത്തി ന്റെയും   പൊതുരംഗത്ത്  പ്രവര്‍ത്തിക്കുന്നവരുടെയും   ചെയ്തികള്‍ നിരന്തരം പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്  ജനാധിപത്യത്തിന്റെ  കെട്ടുറപ്പിന്  അത്യാവശ്യമാണ്.


തകര്‍ക്കേണ്ടത് മാധ്യമ സ്ഥാപനങ്ങളുമായി  രാഷ്ട്രീയ രംഗ ത്തുള്ളവരും  വന്‍കിട വ്യവസായികളും തുടരുന്ന അവിശുദ്ധ ബന്ധത്തെയാണ് .വാര്‍ത്തകള്‍ മാത്രമല്ല അഭിമുഖങ്ങളും വിശകലനങ്ങളും ഇങ്ങനെ വേഷം മാറി  പ്രത്യക്ഷപ്പെടുന്നു.  പത്രത്തിലെ    മുഖപ്രസംഗങ്ങള്‍ക്കുള്ള  ഇടങ്ങളും പരസ്യങ്ങള്‍ അപഹരിക്കുന്നു .എഡിറ്റോറിയലുകളെ    ഈ വിധം  പരസ്യങ്ങള്‍ വിഴുങ്ങുന്നതിനെ സൂചിപ്പിക്കുന്ന   '' അഡവര്‍റ്റോറിയല്‍''  എന്ന പുതിയ സംജ്ഞ   ഇപ്പോള്‍ നമുക്ക് അപരിചിതമല്ല . മാധ്യമങ്ങളുടെ നിലനില്‍പ്പ്‌ പരസ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ, പരസ്യങ്ങളും വാര്‍ത്തകളും തമ്മിലുള്ള വ്യതാസം വ്യക്തമായി അറിയിക്കേണ്ടത് മാധ്യമങ്ങളുടെ ചുമതലയാണ് .വാര്‍ത്തകളുടെ  സത്യസന്ധത   വായനക്കാരുടെ അവകാശമാണ്. വാര്‍ത്തയുടെ അതേ  രൂപത്തില്‍ പുറത്തു വരുന്ന പരസ്യങ്ങള്‍ വായനക്കാരെ കബളിപ്പിക്കാനും വഴി തെറ്റിക്കാനുമുള്ളതാണ് .സത്യമറിയാനുള്ള  പൌരന്റെ അവകാശമാണ് ഇതിലൂടെ കവര്ന്നെടുക്കപ്പെടുന്നത്.  മാധ്യമ ധര്‍മ്മങ്ങള്‍ മറന്നു അസത്യപ്രചാരണവും അവിഹിത മാര്‍ഗങ്ങളും സ്വീകരിക്കുന്നതിലൂടെ തകരുന്നത്  മാധ്യമങ്ങളുടെ വിശ്വാസ്യത തന്നെയാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.

 ഈ ദുഷിച്ച  പ്രവണത ആദ്യമായി പുറത്തു വന്നത് ആന്ധ്രയില്‍ നിന്നാണ് .തൊട്ടു  പിറകെ മഹാരാഷ്ട്രയിലെ പത്രമാധ്യമങ്ങള്‍ക്കും ഈ രോഗബാധയുണ്ടായതായി  റിപ്പോര്‍ട്ടു കള്‍ വന്നു.മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്‌ ചവാനെതിരെയാണ് ഈ ആരോപണമുയ ര്‍ന്നത്‌.കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ , തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ അശോക്‌ ചവാന്  സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളില്‍  ലഭിച്ചത് വന്‍തോതി ലുള്ള കവറെജാണ് . ഇക്കാര്യം  'ദി ഹിന്ദു'  വിലൂടെ പുറത്തു കൊണ്ട് വന്നത് പ്രശസ്ത പത്ര പ്രവത്തകനായ   പി.സായ്നാഥാണ്. മാധ്യമങ്ങളുടെ  ഈ അപ ഭ്രംശത്തെ  ''കവറെജ് പാക്കേജ് '' എന്ന് വിളിക്കുന്നു സായിനാഥ്.  2009 - ഒക്ടോബറിലായിരുന്നു മഹാരാ ഷ്ട്ര  അസംബ്ലി ഇലക്ഷന്‍.'മഹാരാഷ്ട്ര ടൈംസിലും' 'ലോക്മതി' ലും അശോക്‌ ചവാനെക്കുറിച്ചുള്ള   അനുകൂല വാര്‍ത്ത‍ ഒരേ ദിവസം  (ഒക്ടോബര്‍10 )  ഒരേ വാര്‍ത്ത  ഒരു വാക്കിനു വ്യത്യാസമില്ലാതെ പ്രത്യക്ഷപ്പെട്ടതായി സായിനാഥ്   വെളിപ്പെടുത്തി.ഈ രണ്ടു പത്രങ്ങളും സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളാണ് .'ലോക്മത്' പ്രചാരത്തില്‍ ഇന്ത്യയില്‍  നാലാം സ്ഥാനത്തും മഹാരാഷ്ട്രയില്‍ ഒന്നാം സ്ഥാനത്തുമാണ് .ഇതേ വാര്‍ത്ത  കൃത്യം  മൂന്ന് ദിവസം മുന്‍പ്‌ വ്യത്യസ്തമായ  തലക്കെട്ടോടെ 'പുധാരി' എന്ന   പത്രത്തിലും  വന്നിരുന്നു.

     മുഖ്യധാര മാധ്യമങ്ങളുടെ ഈ കച്ചവടവല്‍ക്കരണം ആദ്യമായി ഗൌരവത്തോടെ ചര്‍ച്ച ചെയ്തത്'സാഫ്മ'യിലാണ്.ഈയടുത്ത കാലത്തായി മാധ്യമങ്ങള്‍ വ്യത്യസ്ത റേറ്റ് കാര്‍ഡുകള്‍ പോലും പുറത്തിറക്കിയിട്ടുണ്ടത്രെ.അഭിമുഖം,  വാര്‍ത്ത, വിശകലനം, പ്രതി കൂല വാര്‍ത്ത തുടങ്ങിയവയ്ക്ക് വ്യത്യസ്ത നിരക്കുകള്‍ രേഖപ്പെടു ത്തിയ കാര്‍ഡുകള്‍ ഇപ്പോള്‍  പ്രചാരത്തിലുണ്ട്. പ്രചാരണവേള
 യില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തമസ്ക്കരിക്കും വിധം  അനുകൂല വാര്‍ത്തകളുടെ പ്രളയം സൃഷ്ടിക്കുക, വ്യക്തി ഹത്യക്ക് തുല്യമായ ദോഷകരവും  അടിസ്ഥാനരഹിതവുമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു പ്രതികൂല വാര്‍ത്തയുണ്ടാക്കുക തുടങ്ങിയ അവിഹിത മാര്‍ഗങ്ങളാ ണ് പലരെയും ഇതേ മാര്‍ഗം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കിയ തെന്നു രാഷ്ട്രീയ രംഗത്തുള്ളവര്‍ പറയുന്നു. താരതമ്യേന ചെറിയ വാര്‍ത്താ   പരസ്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുമ്പോള്‍ ബഹുവര്‍ണ്ണ ചിത്രങ്ങളടങ്ങിയ വിശദമായ കവറേജിനു കോടികള്‍  തന്നെ വാങ്ങുന്നു മാധ്യമങ്ങള്‍.


  ഇലക്‌ഷന്‍ 'Election commission ഉം 'പ്രസ്‌ കൌണ്‍സില്‍ ഓഫ് ഇന്ത്യയും'പ്രശ്നം ഗൌരവത്തിലെടുത്തു നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 'Editors  Guild' ഉം ഇത്തരം അന്യായങ്ങളെ കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.പണം നല്‍കി വാര്‍ത്ത വരുന്നത് ഏറിവരുന്ന ഈ സാഹചര്യത്തില്‍  തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട്, വാര്‍ത്തകള്‍ സൂക്ഷ്മായി നിരീക്ഷിക്കാന്‍  തെരഞ്ഞെടുപ്പു    കമ്മിഷന്‍ ജില്ലാതലത്തില്‍ നടപടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.ഇതുപ്രകാരം ജില്ലയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നതോ അവിടെ പ്രചാരതിലുള്ളതോ    ആയ പത്രങ്ങളില്‍ വാര്‍ത്തകളുടെ മറവില്‍ വരുന്ന പരസ്യങ്ങള്‍ നിരീക്ഷിക്കപ്പെടും.ഇലക്ട്രോണിക് മാധ്യമങ്ങളും  നിരീക്ഷി ക്കപ്പെടും.വോട്ടര്‍മാരെ  സ്വാധീനിക്കാവുന്ന തരത്തില്‍  
 സ്ഥാനാര്‍ഥിയുടെ പ്രസംഗമമോ പ്രവര്‍ത്തനങ്ങളോ സംബ ന്ധിച്ച    വാര്‍ത്ത അച്ചടി -ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഒരേ പോലെ പ്രത്യക്ഷപ്പെട്ടാല്‍ ഇതു സംബന്ധിചു  വിശദീകരണം  നല്‍കാന്‍ സ്ഥാനാര്‍ഥിക്ക്  നോട്ടിസ് അയക്കും.ഇത്തരം അനീതികളോട്  ശക്തമായി     പ്രതികരിക്കുന്ന വായനക്കാരും പ്രേക്ഷകരും തന്നെയാണ് മറ്റൊരു മികച്ച പ്രതിരോധം.                   
        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ